Sunday 31 May 2015

അവധിക്കാലത്തോടു വിട പറയാം..... പുത്തന്‍ പഠനാനുഭവങ്ങള്‍ക്കായ്...


     

   രണ്ടു മാസക്കാലം നീണ്ടു നിന്ന അവധിക്കാല ഉല്ലാസങ്ങള്‍ അവസാനിക്കുകയായി....കൂട്ടുകൂടി കളിച്ചും വിരുന്നുണ്ടും പാര്‍ത്തും കളി ചിരിയുത്സവത്തിന് തിരശ്ശീല വീഴുകയായി. പുത്തന്‍ യുണിഫോമും ബാഗുമിട്ട് മഴയില്‍ നനഞ്ഞ് വിദ്യാലയത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതി സന്തോഷത്തിലും കഴി‌ഞ്ഞുപോയ മധുരമുള്ള ദിവസങ്ങള്‍ ഓര്‍മ്മകളായതിന്റെ വേദന മറുപാതിയിലുമായി പുത്തന്‍ അധ്യയനവര്‍ഷം പതിവു പോലെ ആരംഭിക്കുകയാണ്......പ്രവേശന ഉത്സവത്തോടെ... ഉത്സാഹത്തോടെ...

 

ജീവിതത്തിന്റെ വസന്തമാണല്ലോ വിദ്യാലയ ജീവിതം. ഇത്തരമൊരു ജീവിതത്തിന് ഭാഗ്യം സിദ്ധിക്കാത്ത കോടിക്കണക്കിന് കുരുന്നുകളുള്ള ലോകമാണിത്. ഒരു നേരത്തെ ഭക്ഷണവും സ്വന്തമായി പുസ്തകവുമെല്ലാം കിനാവുകളില്‍ പോലും ഇല്ലാത്തവര്‍...അമ്മയുടെ ഉണര്‍ത്തുപാട്ടോ കവിതയുടെ ഈരടികളോ കഥകളുടെ ലോകമോ അറിയാത്തവര്‍...

 

അമൂല്യമായ ഈ കൊച്ചു ജീവിതത്തിന്റെ ദിശ നിര്‍ണയിക്കുന്നത് ഏറിയാല്‍ 200 അധ്യയന ദിനങ്ങളിലൊതുങ്ങുന്ന പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങളാണ്. ശിഷ്ട ജീവിതം നിത്യഹരിതമാകുവാന്‍ ഫലങ്ങള്‍ ചൂടുവാന്‍ പുത്തന്‍ അറിവുകളിലേക്കൊന്നു മുങ്ങാംകുഴിയിടാം

 

ഈ അവധിക്കാലം ഒരിക്കലും മറക്കാനാകാത്ത വേദന സമ്മാനിച്ചാണ് കടന്നു പോയത്. നമ്മുടെ പ്രിയ കൂട്ടുകാരന്‍ അക്ഷയ് രാജിന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ബാഷ്പാഞ്ചലിയര്‍പ്പിച്ചു കൊണ്ട്..........