Tuesday 28 June 2016

പ്രവേശനോത്സവം 2016- 17




     അച്ഛന്റെ വാത്സല്യത്തില്‍ നിന്നും അമ്മയുടെ സ്നേഹത്തില്‍
നിന്നും കുറച്ചുനേരത്തേയ്ക്കെങ്കിലും അകന്ന് പുത്തനുടുപ്പു ബാഗും കുടയും പുസ്തകവും ചേര്‍ത്തുപിടിച്ച്, കണ്ണില്‍ കൗതുകവും നിറച്ച്
കൊച്ചുകാലടികളാല്‍ സ്കൂളിലേക്ക്. ആദ്യമായി സ്കൂളിലേയ്ക്കെത്തുന്ന
കുരുന്നുകളെ വരവേല്‍ക്കാന്‍ ഒരു വസന്തം തന്നെയാണ് കാത്തുവെച്ചിരിക്കുന്നത്. കൊടിതോരണങ്ങളും പാട്ടും ബലൂണുകളും ഒരു ഉത്സവപ്രതീതിയുണര്‍ത്തി. അതിനിടയിലേക്ക് പൂമ്പാറ്റകളെ പോലെ പാറിനടക്കാന്‍ എത്തുന്ന കുരുകള്‍. അവര്‍ക്ക് സ്നേഹവും വാത്സല്യവും നിറയ്ക്കാന്‍ അധ്യാപകര്‍ പുഞ്ചിരിയോടെ കാത്തുനില്‍ക്കുന്നു. കൗതുകം മാത്രമല്ല, ആകാംഷയും ഭയവും നിറഞ്ഞ കുഞ്ഞുമുഖങ്ങളും ഇതിനിടയിലുണ്ട്. ചിലരുടെ കരച്ചില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴയെ ഓര്‍മിപ്പിക്കുമെങ്കില്‍ ചിലരാകട്ടെ ചിണുങ്ങിപ്പെയുന്ന മഴയെപ്പോലെ ! മറ്റുചിലര്‍ ആകെ ബഹളം കൂട്ടി ഉത്സവപറമ്പിലെന്നപോലെ ഓടിച്ചാടി നടക്കുന്നു.
മഴമാറി നിന്ന് അനുഗ്രഹിച്ച ജൂണ്‍ 1ന്റെ തെളിഞ്ഞ അന്തരീക്ഷത്തില്‍ 2016-17 അധ്യയന വര്‍ഷത്തെ പ്രവേശനോത്സവപരിപാടികള്‍ കൃത്യം പത്തുമണിക്ക് തന്നെ
ആരംഭിച്ചു. പുതുതായി വന്ന കുട്ടികള്‍ക്ക് ബലൂണുകള്‍ നല്‍കി സ്കൂളിലേക്ക് ആനയിച്ചു. വാര്‍ഡ് മെമ്പര്‍ ഷീജ ഹരീദാസ് അക്ഷരദീപം കൊളുത്തി പ്രവേശനോത്സവം ഉല്‍ഘാടനം ചെയതു. ഹെഡ്മിസ്ട്രസ് ശ്രീമതി സരിതടീച്ചര്‍ അധ്യക്ഷതവഹിച്ചു.
പി.ടി.. പ്രസിഡണ്ട് ഷാജി പഠനകിറ്റ് വിതരണം ചെയ്തു. മാതൃസംഗമം പ്രസിഡണ്ട് ഉമഗിരീഷ് നന്ദി പറഞ്ഞു. അസംബ്ലിയ്ക്ക്
ശേഷം വിദ്യാഭ്യാസ അവകാശങ്ങളേന്തിയ പ്ലക്കാഡുമായി കുട്ടികള്‍ വിളംബര ജാഥ നടത്തി. പുതിയ അധ്യയനവര്‍ഷം.
പുതിയ പ്രതീക്ഷകളുമായി അറിവിന്റെ ലോകത്തേക്ക്.......