വിദ്യാലയചരിത്രം


      ബ്രിട്ടീഷ് ഭരണാധിപത്യത്തിലായിരുന്ന പഴയ മലബാര്‍ ഡിസ്ട്രിക്റ്റ് ജില്ലാ ആസ്ഥാനം കോഴിക്കോട് ഭരണാധികാരി കളക്ടര്‍ സായിപ്പ് ജില്ലയുടെ തെക്കേ അറ്റം പൊന്നാനി താലൂക്ക് പഴയ കൊച്ചി രാജ്യമായി അതിരു പങ്കിട്ട പൊന്നാനി താലൂക്കിന്റെ തെക്കേ അറ്റത്ത് അറബിക്കടലിനും കനോനി കനാലിനുമിടയില്‍ നാട്ടിക ഫര്‍ക്ക . സമീപ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് ഒരു പടി മുന്നിലായിരുന്നു നാട്ടിക ഫര്‍ക്ക. നാട്ടിക ഫര്‍ക്കയിലെ വലപ്പാട് ബീച്ച് തെക്കേ ഭാഗത്ത് വിദ്യാവിലാസം യു പി സ്കൂള്‍ സ്ഥാപിക്കപ്പെട്ടത് . 81 വര്‍ഷങ്ങള്‍ക്കു മുമ്പ് കൃത്യമായി പറഞ്ഞാല്‍‌ 1933 ല്‍ സ്വാതന്ത്യലബ്ധിക്കും 14 വര്‍ഷങ്ങള്‍ക്കു മുമ്പ് വാഴൂര്‍ ഇക്കോരന്റെ മകന്‍ രാമന്‍ കുട്ടിയായിരുന്നു ഈ സരസ്വതീ ക്ഷേത്രത്തിന്റെ സ്ഥാപകന്‍

ഹര്‍ഷവിലാസം ഗേള്‍സ് എലിമെന്ററി സ്കൂള്‍

      സ്ഥാപിക്കപ്പെട്ടപ്പോള്‍ ഹര്‍ഷവിലാസം എലിമെന്ററി ഗേള്‍സ് സ്കൂള്‍ എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്. സ്ഥാപകനായിരുന്ന വാഴൂര്‍ രാമന്‍കുട്ടിയുടെ മകന്‍ ചന്ദ്രശേഖരന്റെ പുത്രന്‍ പിറന്ന കാലമാണത്. പേരക്കുട്ടിയുടെ പേര് ഹര്‍ഷന്‍ എന്നായിരുന്നു. കൊച്ചുമകനോടുള്ള സ്നേഹവാത്സല്യമായിരിക്കണം ഹര്‍ഷവിലാസം എന്ന പേരിടാന്‍ പ്രേരകമായിട്ടുണ്ടാവുകയെന്ന് രാമന്‍കുട്ടിയുടെ ഇളയമകന്‍ മകന്‍ സുദര്‍ശനന്‍ മാഷ് ഓര്‍ത്തെടുക്കുന്നു. അതെ, അതു തന്നെയായിരിക്കണം കാരണം. രാമന്‍ കുട്ടിയുടെ മൂത്തമകന്‍ ചന്ദ്രശേഖരന് ഹര്‍ഷന്‍ പിറന്ന് അതേ കാലത്തു തന്നെയാണ് രാമന്‍കുട്ടിയുടെ ഇളയമകന്‍ സുദര്‍ശനനും പിറക്കുന്നത്. ജേഷ്ഠപുത്രനും ഇളയച്ഛനും തമ്മില്‍ മാസങ്ങളുടെ വ്യത്യാസം മാത്രം. ഇന്നത്തേതു പോലെ സന്തുഷ്ടകുടുംബങ്ങളുടെ കാലമായിരുന്നില്ലല്ലോ അത് അതുകൊണ്ട് നാമകരണകാര്യം ഊഹിച്ചെടുക്കാനേ റിട്ടയേര്‍ട്ട് അധ്യാപകനായ സുദര്‍ശന്‍ മാസ്റ്റ് ര്‍ക്കുമാകൂ.
      പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വലിയ പ്രാധ്യാന്യമൊന്നും 81 വര്‍ഷങ്ങള്‍ക്കു അന്നത്തെ സമൂഹം നല്‍കിയിരിക്കാനിടയില്ല. എന്നിട്ടും വാഴൂര്‍ രാമന്‍കുട്ടി സ്ഥാപിച്ചത് ഗേള്‍സ് എലിമെന്ററി സ്കൂളാണ്. തിരിഞ്ഞുനോക്കുമ്പോള്‍ അതൊരു വിസ്മയം തന്നെയാണ്. സ്തീ വിദ്യാഭ്യാസത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും ചര്‍ച്ചകളും സെമിനാറുകളും നടത്തുകയും ചെയ്യുന്ന ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിന്റെ കാഴ്ചവെട്ടത്തിനുള്ളില്‍ 81 വര്‍ഷം മുന്‍പ് പിറന്ന ഒരു വിസ്മയം.

      അഞ്ച് ക്ലാസ്സുകളുമായാണ് ഹര്‍ഷവിലാസം ഗേള്‍സ് എലിമെന്റെറി സ്കൂള്‍ ആരംഭിക്കുന്നത്. ഇന്നത്തേതുപോലെ ഡിവിഷനുകളൊന്നും അന്നില്ല. അഞ്ച് ക്ലാസ്സുകള്‍ അഞ്ച് അധ്യാപകര്‍, ഒരു പ്രധാന അധ്യാപികയും അങ്ങിനെയാണ് തുടക്കം. തുടക്കം മോശമായിരുന്നില്ല. വൈകാതെത്തന്നെ ഹര്‍ഷവിലാസം ഗേള്‍സ് ഹയര്‍ എലിമെന്റെറി സ്കൂളായി ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു.

      പിന്നീട്, കാരണമെന്തെന്ന് സുദര്‍ശനന്‍ മാസ്റ്റര്‍ക്കുമറിയില്ല – ഹര്‍ഷവിലാസം ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിര്‍ത്തലാക്കപ്പെട്ടു. സുദര്‍ശനന്‍മാസ്റ്ററുടെ ഭാഷയില്‍ പറഞ്ഞാല്‍ അബോളിഷ് ചെയ്യപ്പെട്ടു. പക്ഷേ, ഒട്ടും വൈകാതെ വിദ്യാലയം പുനസ്ഥാപിക്കപ്പെട്ടു. പക്ഷേ, വിദ്യാലയ നാമം മാറിയിരുന്നു. വിദ്യാവിലാസം ഗേള്‍സ് ഹയര്‍ എലിമെന്ററി സ്കൂള്‍ നിലവില്‍ വരുന്നതങ്ങിനെയാണ്. കാലവും വര്‍ഷവുമൊന്നും ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കാന്‍ സുദര്‍ശനന്‍ മാസ്റ്റര്‍ക്കുമായില്ല. ഏതായാലും സ്വാതന്ത്യം ലഭിക്കുന്നതിനു മുമ്പാണ്.
ഇതിഹാസകഥാപാത്രമായ വാഴൂര്‍ രാമന്‍കുട്ടി.  

      വാഴൂര്‍ രാമന്‍കുട്ടിയുടെ ജീവചരിത്രത്തിന് ഇതിഹാസസമാനതയുണ്ട്. ആദ്ധ്യാത്മികതയിലാരംഭിച്ച്, ഗൃഹസ്ഥാശ്രമ ജീവിതം പിന്നിട്ട്. വീണ്ടും ആദ്ധ്യാത്മികതയില്‍ ചെന്നവസാനിച്ച ജീവിതമാണദ്ദേഹത്തിന്റേത്. ഇക്കോരന്റെ രണ്ടാമത്തെ മകനായിരുന്നു രാമന്‍കുട്ടി. അഞ്ച് ആണ്‍മക്കളാണ് വാഴൂര്‍ ഇക്കോരനുണ്ടായിരുന്നത്. മൂത്തത് വേലുക്കുട്ടി, പിന്നെ രാമന്‍കുട്ടി, രാമന്‍കുട്ടിയ്ക്ക് താഴെ കുമാരന്‍, കൃഷ്ണന്‍
മാധവന്‍ എന്നിവരും. ശ്രീനാരയണ ഗുരുദേവന്റെ സാമൂഹിക നവോത്ഥാന മുന്നേറ്റം കാത്തിരുന്ന കാലമാണത്. ശ്രീനാരായണാശയങ്ങളില്‍ ആകൃഷ്ടനും, ആദ്ധ്യാത്മിക കാര്യങ്ങളില്‍ അതീവ തല്‍പരനുമായിരുന്നു രാമന്‍കുട്ടി. കുട്ടിക്കാലത്തുതന്നെ കാഞ്ചീപുരത്തുപോയി സംസൃകൃത ഭാഷാപഠനം നിര്‍വഹിക്കുകയും ചെയ്തു. സംസ്കൃത ഭാഷാപഠനം അദ്ദേഹത്തെ ആദ്ധ്യാത്മികതയോട് കൂടുതല്‍ അടുപ്പിച്ചു. കടുത്ത ശ്രീനാരായണ ഭക്തനായി കൗമാരകാലത്തു തന്നെ അദ്ദേഹം സ്വയം രൂപാന്തരപ്പെടുകയും ചെയ്തു. ലൗകികതയില്‍ നിന്ന് മാറി ഒരാദ്ധ്യാത്മിക സരണിയായി ആ ജീവിതം വിഘ്നം കൂടാതെ മുന്നോട്ടൊഴുകുകയും ചെയ്യുമായിരുന്നു. വിധി ആ അനര്‍ഗ്ഗള പ്രവാഹത്തിന് വിഘ്നം സൃഷ്ടിച്ചില്ലായിരുന്നെങ്കില്‍ വസൂരി ബാധയെത്തുടര്‍ന്ന് രാമന്‍കുട്ടിയുടെ ജേഷ്ഠ സഹോദരന്‍ വേലുക്കുട്ടി അകാലത്തില്‍ അപമൃത്യുയടഞ്ഞാണ് ഈ മാറ്റത്തിന് നാന്ദിയായത്. അന്നത്തേത് കൂട്ടുകുടുംബമാണല്ലോ. വേലുക്കുട്ടിയുടെ നിര്യാണത്തോടെ തറവാട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കി നടത്തേണ്ട ചുമതല രാമന്‍കുട്ടിയുടേതായി. പിതാവ് ഇക്കോരന്റെ പ്രേരണയെത്തുടര്‍ന്ന് ലൗകികകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനും ഗാര്‍ഹിക ജീവിതം നയിക്കാനും രാമന്‍കുട്ടി നിര്‍ബന്ധിതരായി. വിധിയെന്നും, നിയോഗമെന്നും, നിമിത്തമെന്നുമൊക്കെപ്പറയില്ലേ? അതു തന്നെ ഒരു വഴിത്തിരിവ്.

     രാമന്‍കുട്ടിക്ക് പത്ത് മക്കളാണ് പിറന്നത്. വാലിപ്പറമ്പില്‍ ചോലയില്‍ മാണിക്യന്റെ മകള്‍ ലക്ഷ്മിയാണ് ഭാര്യ. ചന്ദ്രശേഖരന്‍, ശങ്കരനാരായണന്‍, ശ്രീനിവാസന്‍, സാംബശിവന്‍. സുദര്‍ശനന്‍, എന്നിങ്ങനെ അഞ്ച് ആണ്‍ മക്കള്‍. മാധവി, ഗിരിജ, വസുമതി, ഗൗരി, സുദക്ഷിണ എന്നിങ്ങനെ അഞ്ച് പെണ്‍ മക്കളും. മൂന്നാമത്തെ മകള്‍ വസുമതിയെ വിവാഹം ചെയ്തത് പ്രശസ്ത കവിയായ തരംഗ മുരളിയാണ്. ഇളയ മകള്‍ സുദക്ഷിണയെ വിവാഹം ചെയ്തത് എ. എസ് ഗോപിനാഥനാണ്. പത്തു മക്കള്‍ക്ക് അച്ഛനായി ഗൃഹകാര്യങ്ങളില്‍ വ്യാപൃതനായിക്കഴിഞ്ഞ ഒരു കാരണവരുടെ ചിത്രമാണ് ഈ വരികള്‍ വായിക്കുമ്പോള്‍ വായനക്കാരുടെ മനസ്സില്‍ തെളിഞ്ഞു വരുന്നതെങ്കില്‍ തെറ്റി. ശ്രീനാരായണ ഗുരു ദേവന്റെ ശക്തനായ പിന്‍ഗാമിയാകാനുള്ള ശ്രമങ്ങളില്‍ അദ്ദേഹം നിരന്തരം ഏര്‍പ്പെട്ടു. അദ്ദേഹത്തിന്റെ സാമൂഹ്യ പരിഷ്കരണ ശ്രമങ്ങളുടെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്കായി ഒരു വിദ്യാലയം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്.

     വിദ്യാഭ്യാസസ്ഥാപനം ആദ്യം ചന്ദ്രശേഖരനും പിന്നീട് ശങ്കരനാരായണനും കൈമാറ്റം ചെയ്യപ്പെട്ടു. സഹോദരങ്ങള്‍ക്കും മക്കള്‍ക്കും നായകത്വം വഹിച്ച് വാഴൂര്‍ കുടുംബത്തിന്റെ കാരണവരുടെ പദവി കൈവെടിഞ്ഞ് അദ്ദേഹം വീണ്ടും ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പടിയിറങ്ങിപ്പോയി. ഗൃഹസ്ഥാശ്രമ ജീവിതാനന്തരം വാനപ്രസ്ഥത്തിലേക്ക്. വിദ്യാലയത്തിന്റെ ചുമതലകള്‍ പുത്രന്‍ ശങ്കരനാരായണനെ ഏല്‍പ്പിച്ച് വാഴൂര്‍ രാമന്‍കുട്ടി ദേശാടനത്തിറങ്ങി. ബനാറസ്, ഹരിദ്വാര്‍, ഋഷികേശം, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം നേരെ ചെന്നത് വര്‍ക്കലയിലേക്കായിരുന്നു. അതെ ശിവഗിരി മ‌ഠത്തിലേക്ക്. ശങ്കരാനന്ദസ്വാമികളാണ് അന്ന് വര്‍ക്കല ശിവഗിരി മഠത്തിലെ മഠാധിപതി. ശങ്കരാനന്ദ സ്വാമികള്‍ക്ക് ശിഷ്യപ്പെട്ട് ആദ്ധ്യാത്മികതയുടെ നിസംഗജീവിതം കൈയ്യേറ്റു. വൈകാതെ തന്നെ ആദ്ധ്യാത്മിക ഗുരുവില്‍ നിന്ന് സന്യാസദീക്ഷയും ഏറ്റു വാങ്ങി. അങ്ങനെ പൂര്‍വ്വാശ്രമത്തിലെ വാഴൂര്‍ രാമന്‍കുട്ടി ഇല്ലാതെയായി. സന്യാസശ്രേഷ്ഠനായ സ്വാമി അനന്താനന്ത ജന്മമെടുത്തു. ഇതിനെ രണ്ടാം ജന്മമെന്നും പറയാം. ഒരായുസ്സു കൊണ്ട് രണ്ടു ജന്മങ്ങളെ സ്വാര്‍ത്ഥമാക്കിയ മഹാപുണ്യം. ഇളയ മകന്‍ സുദര്‍ശനന് അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. ആറാം ക്ലാസ്സില്‍ പഠിക്കുന്നു.

   സ്വാമി അനന്താനന്ത പിന്നീട് ആലുവ അദ്വതാശ്രമത്തില്‍ മഠാധിപതിയായി. അവസാനം പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രത്തിലെ മഠാധിപതിയായിരുന്നു. പ്രായാധിക്യത്താല്‍ ഓര്‍മ്മശക്തി ക്ഷയിച്ചപ്പോള്‍ അദ്ദേഹത്തെ സ്വഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നു. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കൂടി ബഹുലോകത്തില്‍ കഴിച്ചു കൂട്ടി അദ്ദേഹം സമാധിയായി.

    ഇത്രയും വാഴൂര്‍ രാമന്‍കുട്ടിയായിരുന്ന സ്വാമി അനന്താനന്തയുടെ സംക്ഷിപ്ത ജീവചരിത്രം. വാഴൂര്‍ കുടുംബ ചരിത്രത്തിന്റെ ഒരു ഖണ്ഡം. പക്ഷേ ആകുടുംബ ചരിത്രത്തില്‍ അദ്ധ്യായങ്ങള്‍ ഇനിയും ഏറെയുണ്ട്. 81 വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാവിലാസം യു പി സ്കൂളിന്റെ ചരിത്രം സുപ്രധാന അധ്യായങ്ങളിലൊന്നാകുന്നു.

ഗേള്‍സ് എലിമെന്ററി സ്കൂള്‍

     ശ്രീനാരായണാശയങ്ങളില്‍ നിന്ന് ഉള്‍ക്കൊണ്ട പ്രചോദനം തന്നെയാകണം വിദ്യാഭ്യാസ സ്ഥാപനത്തിന് തുടക്കം കുറിക്കാന്‍ വാഴൂര്‍ രാമന്‍ കുട്ടിയെ പ്രേരിപ്പിച്ചത്. അതും പെണ്‍ കുട്ടികള്‍ക്ക് വേണ്ടി വിദ്യാലയം ആരംഭിച്ചു എങ്കിലും മാനേജ്മെന്റ് ചുമതലകള്‍ മൂത്ത പുത്രന്‍ ചന്ദ്രശേഖരനെയാണ് ഏല്‍പ്പിച്ചത്. പിതാവും പുത്രനും ചേര്‍ന്ന് നിര്‍വ്വഹിച്ചു എന്നതാണ് ശരി. ചന്ദ്രശേഖരനാകട്ടെ ഏഴു ശതാബ്ദങ്ങള്‍ക്കു മുന്‍പ് സര്‍വകലാശാലാ ബിരുദം നേടിയ വ്യക്തിയാണ്. മലബാറില്‍ അക്കാലത്ത് അപൂര്‍വ്വം ബിരുദദാരികളേ ഉണ്ടായിരുന്നുള്ളൂ. ഇക്കാലയളവിലാണ് വാഴൂര്‍ രാമന്‍കുട്ടിയുടെ പിതൃസഹോദരീപുത്രന്‍ വി. ഐ രാമന്‍ ഇംഗ്ലണ്ടില്‍ പോയി ഉന്നത ബിരുദം കരസ്ഥമാക്കി നാട്ടില്‍ തിരിച്ചെത്തിയത്. അദ്ദേഹം കോഴിക്കോട് നഗരത്തില്‍ സ്വന്തമായി അശോക ഹോസ്പിറ്റല്‍ സ്ഥാപിക്കുകയും ചെയ്തു. ഹോസ്പിറ്റ്ലിന്റെ നടത്തിപ്പിന് മാനേജരായിരിക്കാന്‍ ചന്ദ്രശേഖരന്റെ സേവനം അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊരു വഴിത്തിരിവായി. 

     മലബാറിലെ സ്കൂളുകളുടെ ഭരണനടത്തിപ്പ് കോഴിക്കോട് കളക്റ്ററുടെ കീഴിലായിരുന്നു. അശോകാ ഹോസ്പിറ്റലിന്റെ മാനേജരെന്ന നിലയില്‍ കളക്ടര്‍ ഉള്‍പ്പെട്ട ബ്രിട്ടീഷുകാരായ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ചന്ദ്രശേഖരന് സാധിച്ചു. വിദ്യാവിലാസം ഗേള്‍സ് എലിമെന്റെറി സ്കൂള്‍ ആരംഭിക്കുവാനും അംഗീകാരം നേടുവാനും കളക്ട്രേറ്റിലെ ഉദ്യോഗസ്ഥരുമായുണ്ടായിരുന്ന ചന്ദ്രശേഖരന്റെ ബന്ധം വളരേയേറെ ഉപകരിച്ചു. സ്കൂള്‍ ഭരണം രണ്ടാമത്തെ മകനായ ശങ്കരനാരായണനെ ഏല്‍പ്പിച്ചു. രാമന്‍കുട്ടിയും ശങ്കരനാരായണനും ചേര്‍ന്ന് ഭരണനിര്‍വ്വഹണം നടത്തി പോന്നു. 

    ഇതിനിടെ ശങ്കരനാരായണന്‍ ബോംബെയിലേക്ക് പോയി. ഗള്‍ഫില്‍ പോകണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഈ യാത്ര. മലബാറില്‍ നിന്ന് തൊഴില്‍ തേടി ധാരാളം പേര്‍ ഗള്‍ഫിലേക്ക് പോകാന്‍ തുടങ്ങിയ കാലമാണത്. ഒരു വര്‍ഷം അദ്ദേഹം നാട്ടില്‍ നിന്ന് വിട്ടു നിന്നു. ഇക്കാലയളവില്‍ താഴെയുള്ള സഹോദരന്‍ വാഴൂര്‍ ശ്രീനിവാസന്‍ വൈദ്യരാണ് സ്കൂളിന്റെ ഭരണമേല്‍നോട്ടം നടത്തിയത്. പിതാവ് രാമന്‍കുട്ടിയുടെ മേല്‍നോട്ടമാകട്ടെ നാമമാത്രമായിരുന്നു. ശങ്കരനാരായണനെ സ്കൂളിന്റെ മുഴുവന്‍ ഭരണചുമതലയും ഏല്‍പ്പിച്ചതിനു ശേഷമാണ് സ്കൂള്‍ സ്ഥാപന്‍ വാഴൂര്‍ രാമന്‍ തീര്‍ത്ഥാടനത്തിനിറങ്ങി തിരിച്ചത്.

മദാമ്മയുടെ സന്ദര്‍ശനം
     കോഴിക്കോട് കളക്ടറുടെ ഭരണാധികാര പരിധിയില്‍ പൊന്നാനി താലൂക്കില്‍ നിന്നാണ് സ്കൂള്‍ ഇന്‍സ്പെക്ടര്‍ എല്ലാ വര്‍ഷവും പരിശോധനയ്ക്കെത്തുക. തസ്തികയുടെ പേര് സുദര്‍ശനന്‍ മാസ്റ്റര്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ അത് A E O എന്നോ D E O എന്നോ ആയിരുന്നില്ല. വനിതാ ഇന്‍സ്പെക്ടര്‍ ബ്രിട്ടീഷുകാരിയായിരുന്നതിനാല്‍ മദാമ്മ എന്നാണ് അവരെ സംബോധന ചെയ്തിരുന്നത്. തന്റെ പ്രവര്‍ത്തന പരിധിയിലെ സ്കൂളുകള്‍ പരിശോധിച്ച് അവ നിലനിര്‍ത്തേണ്ടവയോ അല്ലാത്തവയോ എന്ന് മദാമ്മ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അക്കാരണത്താല്‍ തന്നെ ഭയഭക്തിബഹുമാനങ്ങളോടെയാണ് മദാമ്മ സ്വീകരിക്കപ്പെട്ടിരുന്നത്.

     വലപ്പാട് മേഖലയിലെ സ്കൂള്‍ പരിശോധനയ്ക്കെത്തുമ്പോള്‍ മദാമ്മ വലപ്പാടുള്ള മുസാവരി ബംഗ്ലാവില്‍ വന്ന് ക്യാംപ് ചെയ്യും. അവിടെ നിന്ന് മഞ്ചലില്‍ മദാമ്മയെ കയറ്റി സ്കൂളില്‍ എത്തിക്കേണ്ടതും തിരികെ ബംഗ്ലാവില്‍ എത്തിക്കേണ്ടതും മാനേജരുടെ കടമയാണ്. അക്കാലത്ത് വലപ്പാട് കുരിശുപള്ളിയിലും തണ്ടയാന്‍പമ്പില്‍ വീട്ടിലുമാണ് മഞ്ചല്‍ ഉണ്ടായിരുന്നത്. അവിടെ നിന്ന് മാനേജര്‍മാര്‍ മഞ്ചല്‍ വാടകയ്ക്ക് എടുക്കും. വാടകയും ചുമട്ടുകൂലിയും മാനേജര്‍ കൊടുക്കും.

     അക്കാലത്ത് വലപ്പാട് പ്രദേശത്ത് പെണ്‍‌കുട്ടികള്‍ ധാരാളമുണ്ടായിരുന്നു. പക്ഷേ, ആരും ആരേയും പഠിക്കാനക്കില്ല. അഥവാ അയച്ചിരുന്നത് അദ്ധ്യാപകര്‍ക്കു വേണ്ടി കൂടിയാണ്. അവര്‍ക്ക് ശമ്പളം കിട്ടണമല്ലോ. മദാമ്മ വരുന്നത് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ കൂടിയാണ്. തലയെണ്ണല്‍  അന്നുമുണ്ടായിരുന്നു എന്നര്‍ത്ഥം. അന്നത്തെ അധ്യാപകരുടെ പ്രതിമാസ ശമ്പളം 5 രൂപയാണ്. ഹെഡ്മാസ്റ്റര്‍ക്ക് (ഹെഡ്മിസ്ട്രസിന്) 7 രൂപ.

കുഞ്ഞാത്തിരി ടീച്ചര്‍
കുന്ദംകുളം സ്വദേശിനിയായിരുന്നു കുഞ്ഞാത്തിരി ടീച്ചര്‍. കുന്ദംകുളത്ത് നിന്ന് ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള വിദ്യാലയത്തില്‍ പ്രധാന അധ്യാപിക തസ്ഥികയില്‍ വനിതയായിരിക്കണമെന്ന നിയമം മൂലമാണ് ടീച്ചറെ ഇവിടെ താമസിപ്പിക്കേണ്ടി വന്നത്. ‌ട്രയ്നിങ്ങ് പൂര്‍ത്തിയാക്കിയ ഒരാളായിരിക്കുകയും വേണം. അങ്ങനെ ഒരാള്‍ വലപ്പാട് പരിസരത്തൊന്നുമില്ല. ട്രയ്നിങ്ങ് പൂര്‍ത്തിയാക്കിയ പ്രധാനാധ്യാപികയ്ക്കുവേണ്ടിയുള്ള അന്വേഷണം കുന്ദംകുളത്ത് കുഞ്ഞാത്തിരി ടീച്ചറിലാണ് പര്യവസാനിച്ചത്. അങ്ങനെ ടീച്ചര്‍ വിദ്യാവിലാസത്തിലെ പ്രധാനാധ്യാപികയായി.

ശങ്കരനാരായണന്‍ മാസ്റ്ററുടെ ഭരണകാലം

     ബോംബെയില്‍ നിന്ന് തിരിച്ചെത്തി സ്കൂള്‍ മാനേജരുടെ ചുമതല ഏറ്റെടുത്തരിനു ശേഷം മരണം വരെ ശങ്കരനാരായണന്‍ മാസ്റ്ററായിരുന്നു സ്കൂള്‍ മാനേജര്‍. അധ്യാപകനായും വളരെ കാലം പ്രധാനാധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഏറ്റവും ദീര്‍ഘകാലം മാനേജര്‍ പദവിയിലിരുന്നതും അദ്ദേഹമായിരുന്നു. 
     ആരംഭത്തില്‍ പെണ്‍കുട്ടികളുടെ മാത്രം സ്കൂളായിരുന്ന വിദ്യാവിലാസം ഗേള്‍സ് എലിമെന്ററി സ്കൂള്‍ പിന്നീട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നു പഠിക്കുന്ന വിദ്യാവിലാസം യു പി സ്കൂളായി മാറി. വനിതയായിരിക്കണം ഹെഡ്മിസ്ട്രസ് എന്ന നിബന്ധനയും ഇതിനകം ഇല്ലാതായിരുന്നു. മാനേജര്‍ കൂടിയായിരുന്ന വാഴൂര്‍ ശങ്കരനാരായണന്‍ മാസ്റ്റര്‍ക്ക് ഹെഡ്മാസ്റ്ററാകാന്‍ പക്ഷേ ഒരു തടസമൂണ്ടായിരുന്നു. മാസ്റ്റര്‍ക്ക് ഹയര്‍ഗ്രേഡ് ട്രയ്നിങ്ങേ ഉണ്ടായിരുന്നുള്ളൂ. അക്കാരണത്താല്‍ യു പി സ്കൂള്‍ ഹെഡ്മാസ്റ്ററായി നിയമിതനായത്  പി ആര്‍ ഭാസ്കരന്‍ മാസ്റ്റര്‍ ആയിരുന്നു.രണ്ടു വര്‍ഷത്തിനകം പ്രൈവറ്റായി സെക്കന്ററി ഗ്രേഡ് പരീക്ഷ പാസായതിനുശേഷം ശങ്കരനാരായണന്‍ മാസ്റ്റര്‍ യു പി സ്കൂളില്‍ ഹെ‌ഡ്മാസ്റ്ററായി. 1970 ല്‍ റിട്ടയര്‍ ചെയ്യുന്നത് വരെ ഹെഡ്മാസ്റ്റര്‍ പദവിയില്‍ അദ്ദേഹം തുടരുകയും ചെയ്തു. തുടര്‍ന്നു മാനേജരായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 

      വാഴൂര്‍ കുടുംബത്തലില്‍ ഭാഗം വെയ്പ് ഉണ്ടായപ്പോള്‍ വിദ്യാവിലാസം ശങ്കരനാരായണന്‍ മാസ്റ്റര്‍ക്കും കുടുംബത്തിനുമാണ് ലഭിച്ചത്. പത്മാവതി ടീച്ചറാണ് ശങ്കരനാരായണന്‍ മാസ്റ്ററുടെ ഭാര്യ. ടീച്ചറും വിദ്യാവിലാസം യു പി സ്കൂളിന്റെ അധ്യാപികയായിരുന്നു. സെന്‍ട്രല്‍ പി ഡബ്ല്യു യില്‍ അസി. എഞ്ചിനിയറായി റിട്ടയറുടെ മൂത്ത മകന്‍ പ്രസന്നന്‍ ഇപ്പോള്‍ മണപ്പുറം ഫിനാന്‍സില്‍ പ്രവര്‍ത്തിക്കുന്നു. ശങ്കരനാരായണനും ഗള്‍ഫില്‍ പോയി ജോലി നോക്കണമെന്ന് ചെറുപ്പത്തില്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നതു നടന്നില്ല. പക്ഷേ രണ്ടാമത്തെ മകന്‍ വ്യാസബാബു ദീര്‍ഘകാലം ഗള്‍ഫില്‍ ജോലി ചെയ്യ്തിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തി ചെന്നൈയില്‍ എഞ്ചിനീയറായി പ്രവര്‍ത്തിക്കുന്നു. ഇദ്ദേഹത്തിനായിരുന്നു വിദ്യാവിലാസം സ്കൂളിന്റെ അവകാശം ലഭിച്ചത്. ഇളയമകന്‍ അമര്‍സിംഗ് നാട്ടിക ശ്രീനാരായണ കോളേജില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ അവധിയിലാണ്. ന്യൂസിലാന്റില്‍ ജോലി ചെയ്യുന്നു.


    


No comments:

Post a Comment