Tuesday 9 June 2015

സ്നേഹത്തിന്റേയും കരുതലിന്റേയും തണലൊരുക്കാം ....അമ്മയാം ഭൂമിയ്ക്ക്..



      700കോടി സ്വപ്നങ്ങളും പേറി നമ്മുടെ ഹരിത ഗൃഹത്തിന്റെ അനന്തമായ ആരോഗ്യത്തിനും ആയുസ്സിനും ആശംസകള്‍ നേര്‍ന്ന് ഒരു പരിസ്ഥിതി ദിനം കൂടി ... കുരുന്നുകളുടെ ആശിര്‍വാദത്തോടെ ഭുമിയ്ക്ക് തണലൊരുക്കാനൊരു ചുവട് വെച്ചതിന്റെ ആഹ്ലാദത്തിലാകാം മണ്ണിനും മനസ്സിനും കുളിര്‍മയേകി ആദ്യ വര്‍ഷം പെയ്തിറങ്ങിയത്.
 
       വിദ്യാലയത്തിന്റെ കളിമുറ്റത്ത് തണല്‍ പരപ്പൊരുക്കാനായ് വാര്‍ഡ് മെമ്പര്‍ ശ്രീ സുരേന്ദ്രന്‍ കെ എസ് വിദ്യാര്‍ത്ഥികളെ സാക്ഷിയാക്കി വൃക്ഷ തൈ നട്ടു. പരിസ്ഥിതി ദിന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പ്രധാനാധ്യാപിക ‌ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ശ്രീജ ടീച്ചര്‍ പരിസ്ഥിയുടെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷന്‍ കൗണ്‍സിലര്‍ ശ്രീ സുഷമ പരിസ്ഥിതിയുടെ ഇന്നത്തെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി സ്മൃതി കാര്‍ത്തികേയന്‍ പരിസ്ഥിതി വാര്‍ത്തകള്‍ വായിച്ചു. പ്രതിജ്ഞയോടെ പരിസ്ഥിതി സംരക്ഷണ വാരാഘോഷത്തിന്റെ ആദ്യദിനം സമാപിച്ചു.

      പച്ചപ്പിന്റെ സമൃദ്ധിയൊരുക്കാന്‍ ഇന്നീ കേരള മണ്ണില്‍ പുത്തന്‍ വൃക്ഷത്തൈകള്‍ വേരോടാന്‍ തുടങ്ങും. മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ മേല്‍ നന്മയുടെ തണലാകാന്‍....







Friday 5 June 2015

ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം




700 കോടി സ്വപ്നങ്ങള്‍, ഒരൊറ്റ ഗ്രഹം, 

ഉപഭോഗം കരുതലോടെ   

 

 

      വാടാനപ്പള്ളി കടപ്പുറത്ത് പണ്ട്, എന്ന് പറഞ്ഞാല്‍ ഏറിയാല്‍ 20 വര്‍ഷം മുന്‍പ് ഒരു ചെറിയ കെട്ടിടമുണ്ടായിരുന്നു. എന്റെ ചെറുപ്പത്തില്‍ കരയുടെ അതിരാണ് ആ കെട്ടിടം. കടപ്പുറത്തെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. പിന്നീട് അടുത്ത് തന്നെ അത് കടലിന്റെ ഭാഗമായി. ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാര്‍ഷ്ട്യത്തോടെ പിന്നീട് അവിടന്നിങ്ങോട്ട് മൂന്നോ നാലോ വരി തെങ്ങ് വീതം വര്‍ഷാവര്‍ഷം കടല്‍ കയ്യേറിക്കൊണ്ടിരിക്കുന്നു. പഞ്ചായത്ത് കഷ്ടപ്പെട്ട് ടാര്‍ ചെയ്തെടുത്ത മൂന്ന് സുന്ദരന്‍ റോഡുകളെ കൂടി കടല്‍ അതിന്റെ ഭാഗമാക്കി. ഈ വര്‍ഷം തീരദേശ ഹൈവേയെ കണ്ണു വെച്ചാണ് മൂപ്പര്‍ ഇരിക്കുന്നത്. വാടാനപ്പള്ളി പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂമി കൈയ്യേറ്റക്കാരനായ ഈ പഹയനെ നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ കടല്‍ കാണാന്‍ 3 കി. മീ. കഷ്ടപ്പെട്ട് പോകേണ്ടി വരുമെന്ന് തോന്നുന്നില്ല. വീടിന്റെ ഉമ്മറത്തിരുന്നു കടല്‍ കാണുന്നതും കക്ക പെറുക്കുന്നതും വിദൂരമല്ലെന്ന് തോന്നുന്നു.


      ഇങ്ങനെ ഭൂതകാലം ഗണിച്ചെടുക്കുമ്പോഴാണ് ഒരു വാര്‍ത്ത കേട്ടത്. 100 വര്‍ഷത്തിനകം കൊച്ചി നഗരം വെള്ളത്തിലാകുമെന്ന് നാഷണല്‍ ഓഷ്യാനോഗ്രഫിയിലെ ബുദ്ധിജീവികളായ ശാസ്ത്രജ്ഞര്‍. എന്നെപ്പോലെ ഗണിച്ചു പറഞ്ഞതല്ല, പഠിച്ചു പറഞ്ഞതാണ്. കടല്‍ നിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ നഗരത്തിന്റെ 43 സ്ക്വയര്‍ കി. മീറ്ററും 2 മീറ്ററാണെങ്കില്‍ 187 സ്ക്വയര്‍ മീറ്ററും എന്ന തോതിലാണത്രേ നഗരം വെള്ളത്തിലാകുക. 100 വര്‍ഷം കഴിഞ്ഞല്ലേ എന്ന ആശ്വാസത്തിലാണ് മലയാളികള്‍!!!!!


      അപ്പോള്‍ ഒരു സംശയം നാട്ടിലൊക്കെ മഴ കുറഞ്ഞിട്ടും കടലിലെങ്ങനെയാണ് വെള്ളം കൂടുന്നതെന്നാകും. നമ്മുടെ സുന്ദരമായ ഭൂമിയുടെ 71% പ്രദേശവും ജലത്താല്‍ ചുറ്റപ്പെട്ടങ്ങനെ കിടക്കുകയാണല്ലോ. ഈ ജലത്തിന്റെ 97% സമുദ്രങ്ങളിലും. ബാക്കിയുള്ള 3%ത്തിലെ മുക്കാല്‍ പങ്കും മഞ്ഞുമലകളും ഹിമാനികളിലുമായി മഞ്ഞായങ്ങനെ ഉറച്ചു കിടക്കുകയാണ്. ഈ മഞ്ഞ് ഉരുകാന്‍ തുടങ്ങുമ്പോഴാണ് സമുദ്രനിരപ്പ് ഉയരുന്നത്. ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്സൈഡ്, മീഥേന്‍, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം (GLOBAL WARMING) ഉണ്ടാകുകയും ചെയ്യുന്നു.


      ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയാണ് 1972 മുതല്‍ ജൂണ്‍ 5ലോകപരിസ്ഥിതി ദിനമായി ആചരിക്കുവാന്‍ ആരംഭിച്ചത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.


      നേരത്തേപറഞ്ഞ ആഗോളതാപനം പരിസ്ഥിതി പ്രശ്നങ്ങളിലെ ഒരധ്യായം മാത്രമേ ആകുന്നുള്ളൂ. പ്രശ്നങ്ങള്‍ നിരവധി അനവധിയാണ്. മണലൂറ്റിയൂറ്റി പുഴകള്‍ മരിച്ചു കൊണ്ടിരിക്കുന്നു. 44 നദികളാല്‍ സമ്പന്നമായിരുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ പോലും അത്യാവശ്യത്തിനുള്ള കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. വയലുകളില്‍ വളര്‍ച്ചയുടെ ഭാഗമായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. വനം കൈയ്യേറ്റത്തിലൂടെ സസ്യ ജന്തു വൈവിധ്യങ്ങളില്‍ വന്‍ കുറവു വന്നിരിക്കുന്നു. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കികൊണ്ടിരിക്കുന്നു. പശ്ചിമഘട്ടം പോലും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. തന്മൂലം കാലാവസ്ഥാ മാറ്റമടക്കമുള്ള വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. പ്രകൃതിയോട് കാട്ടുന്ന ക്രൂരതകളുടെ മറുപടിയായി ഉത്തരാഘണ്ഢ് പ്രളയവും എല്‍ നിനോ പ്രതിഭാസവും സുനാമിയും സൂര്യാഘാതവുമെല്ലാം നമുക്കു മുമ്പിലുണ്ട്.


      മുന്‍തലമുറകള്‍ ഭൂമിയെ സ്നേഹിച്ചും പരിപാലിച്ചും അതിന് വലിയ പരിക്കേല്‍പ്പിക്കാതെ കൈമാറിയും ചെയ്തു പോന്നതിനാലാണ് ഇന്നീ കാണുന്ന സൗഭാഗ്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായത്. ലോകം ചുരുങ്ങുകയാണെന്ന പുതിയ മുദ്രാവാക്യം അറം പറ്റിയ പോലെ തോന്നുന്നു. ലോകമല്ല....അതിലെ മനുഷ്യരുടെ ഹൃദയവിശാലതയാണ് വല്ലാതെ ചുരുങ്ങി പോയത്. സ്വന്തം സുഖം, സ്വന്തം ആവശ്യം എന്നിവയുടെ പകരം പദമായി വികസനം മാറിയിരിക്കുന്നു. മഹാത്മാഗാന്ധി പറഞ്ഞതു പോലെ ‘ഈ ഭൂമിയില്‍ മനുഷ്യന്റെ ആവശ്യത്തിന് വേണ്ടത്രയുണ്ട്. ആര്‍ത്തിക്കു വേണ്ടത്ര ഇല്ലതന്നെ’.



പരിസ്ഥിതിദിന സന്ദേശങ്ങള്‍

 

700 കോടി സ്വപ്നങ്ങള്‍, ഒരൊറ്റ ഗ്രഹം, ഉപഭോഗം കരുതലോടെ-2015

നിങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തേണ്ടത്. സമുദ്ര നിരപ്പല്ല - 2014

ചിന്തിക്കുക,ഭക്ഷിക്കുക,പാഴാക്കാതിരിക്കുക - 2013

ഹരിത മിതവ്യയത്വം: താങ്കള്‍ അതില്‍ ഉള്‍പ്പെടുന്നുണ്ടോ?  - 2012

വനങ്ങള്‍, പ്രകൃതി നമ്മുടെ സമ്പത്ത് - 2011

അനേകം ജീവജാതികള്‍, ഒരു ഗ്രഹം, ഒരു ഭാവി - 2010

നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാന്‍- 2009

ശീലത്തെ തൊഴിച്ച് മാറ്റുക, കാര്‍ബണ്‍ രഹിത സമൂഹത്തിന് - 2008

മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം - 2007

കരഭൂമിയെ മരുഭൂമിയാക്കരുതേ - 2006

നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമിക്കിവേണ്ടി ഒരു ആസൂത്രണ പദ്ധതി  - 2005

ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ കാണുമോ ആവോ  -2004

വെള്ളം, അതിനുവേണ്ടി 200 കോടി ജനങ്ങള്‍ കേഴുന്നു -2003

ഭൂമിക്കൊരവസരം നല്‍കുക - 2002

ജീവിതത്തിനായ് ലോകത്തെത്തമ്മില്‍ ബന്ധിപ്പിക്കുക - 2001

രണ്ടായിരാമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവര്‍ത്തിക്കേണ്ട സമയം -2000



 












Thursday 4 June 2015

പ്രവേശനോത്സവം


      അങ്ങിനെ പലരുടേയും ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം 2015 ലെ ജൂണ്‍ 1 സമാഗതമായ്....പുത്തനുടുപ്പും ബാഗുമിട്ട് അച്ഛനമ്മാരുടെ വിരലില്‍തൂങ്ങി അക്ഷരമുറ്റത്തേക്ക് പാദമൂന്നിയതിന്റെ ഗമയിലും അതിലേറെ ആഹ്ലാദത്തിലും അറുപതോളം കുരുന്നുകളെത്തി. മഴയില്‍ നനയാനാവാത്തതിന്റെ പരിഭവത്തിലായിരുന്നു ചിലര്‍.. നവാഗതരെ വരവേല്‍ക്കാന്‍ ചേട്ടന്‍മാരുടേയും ചേച്ചിമാരുടേയും അധ്യാപകരുടേയും നിര..അക്ഷയ് രാജിന്റെ ഓര്‍മ്മകളുടെ വിഷാദച്ഛായ തളം കെട്ടി നിന്നിരുന്നതിനാല്‍ അലങ്കാരങ്ങളോ ആരവങ്ങളോ ഇല്ലാത്ത ലളിതമായ ചടങ്ങുകള്‍. അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സരിത ടീച്ചര്‍ ഏവരേയും സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ എം എസ് പ്രസാദ് സ്കൂള്‍ കിറ്റ് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുന്‍ പി ടി എ പ്രസിഡന്റ് ശ്രീ ശിവദാസന്‍ കൈപ്പുസ്തകം കൈമാറി. വൈസ് പ്രസിഡന്റ് ശ്രീ ഷാജി ആശംസകള്‍ നേര്‍ന്നു. നവാഗതര്‍ വര്‍ണ്ണ ബലൂണുകളുമേന്തി പ്രവേശന ഗാനത്തിന്റെ ഈരടികളോടു കൂട്ടുകൂടി ആഘോഷമായ് ക്ലാസ് മുറിയിലേക്ക്.... ഈ കൗതുകകാഴ്ചകളില്‍ നിന്നും ചിലര്‍ ആ പഴയ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തേക്കൊന്ന് യാത്രയായി....


.