Friday, 8 July 2016

പരിസ്ഥിതിദിനം





ഇന്ന് ലോകപരിസ്ഥിതി ദിനം. ആദ്യമായി പരിസ്ഥിതി ദിനം ആഘോഷിച്ചത് 1972 ലാണ്. ഓരോ വര്‍ഷവും കഴിഞ്ഞുപോകുമ്പോള്‍ അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളാണ് അതിഭീകരമായി നമ്മുടെ പരിസ്ഥിതിയിലേക്ക് അതിന്റെ കൂര്‍ത്തനഖങ്ങള്‍ ആഴ്ന്നിറക്കുന്നത്. മലിനമാക്കപ്പെടാത്ത ഒന്നും നമുക്കു ചുറ്റുമില്ല. വായു,പുഴ, കായലുകള്‍, എല്ലാം മനുഷ്യന്റെ ചെയ്തികളാല്‍ ദുരന്തത്തിലാണ്. അന്തരീക്ഷ താപത്തെയും വായു- ശബ്ദമലിനീകരണത്തെയും ഗണ്യമായി കുറയ്ക്കുന്നത് ഒരു ഹരിതാശ്വാസകോശമാണ്. ഓരോ ഹരിതകണങ്ങളും അവസാനശ്വാസമെടുക്കാന്‍ കഴിയാതെ നശിപ്പിക്കപ്പെടുമ്പോള്‍ ജൂണ്‍ 5 കൂടുതല്‍ ഓര്‍മപ്പെടുത്തലുകളുമായി എത്തുന്നു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങളോടെയാണ് തുടങ്ങിയത്. രാവിലെ ചേര്‍ന്ന അസംബ്ലി BRC ട്രെയിനറായ സജിത ടീച്ചറുടെ " ഒരു മരം നടാം നമുക്കമ്മയ്ക്കുവേണ്ടി" എന്ന കവിതാലാപനത്തോടെയാണ് തുടങ്ങിയത്. കുട്ടികള്‍ കവിത ഏറ്റുചൊല്ലി അതിന് കൂടുതല്‍ ഉണര്‍വേകി. തുടര്‍ന്ന് കുട്ടികളുടെ പരിസ്ഥിതി നാടകവും അവതരിപ്പിച്ചു. ഇന്നത്തെ കുട്ടികള്‍ ഏറെ ഗൗരവത്തോടെ പരിസ്ഥിതിയെ നോക്കി കാണുന്നു എന്നത്, നാളെ നമ്മുടെ പരിസ്ഥിതിയ്ക്ക് ഇവര്‍ കാവലാളാകും എന്ന പ്രതീക്ഷ നല്‍കി. അസംബ്ലിയ്ക്കു ശേഷം എല്ലാ ക്ലാസ്സുകളിലും പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു.
ഒന്നാം ക്ലാസ്സുകാര്‍ ഒരു മരം വരച്ച് നിറം നല്‍കിക്കൊണ്ടാണ് തുടങ്ങിയത്. തുടര്‍ന്നുള്ള ഓരോ ക്ലാസ്സുകളും പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുറിപ്പുകളും പതിപ്പുകളും തയ്യാറാക്കി. BRC ട്രൈയ്നര്‍ സജിത ടീച്ചറും വിദ്യാര്‍ത്ഥികളും വൃക്ഷ തൈ നടുകയുണ്ടായി. പരിസ്ഥിതിയെ മലിനമാക്കുന്നതില്‍ എനിക്ക് പങ്കില്ല എന്ന് ഓരോരുത്തര്‍ക്കും പറയാന്‍ കഴിയുന്നതാകട്ടെ നമ്മുടെ പവൃത്തികള്‍''എന്ന പ്രതിജ്ഞ നിറവേറ്റാന്‍ ഓരോരുത്തര്‍ക്കുംകഴിയണം. വൈലോപ്പിള്ളിയുടെ '' വിഷുക്കണി'' എന്ന കവിതയില്‍ പുത്രന് നല്‍കുന്ന ആശംസ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും നല്‍കാം.
" ഏതു ധൂസര സങ്കല്‍പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടാവട്ടെ ഗ്രാമത്തില്‍ വെളിച്ചവും
                          മണവും മമതയും ഇത്തിരി കൊന്നപ്പൂവും!” 

 

No comments:

Post a Comment