Friday 8 July 2016

വൈക്കം മുഹമ്മദ് ബഷീര്‍ ചരമ ദിനം






     “ഇവിടെ ഒരാള്‍ കഥ പറഞ്ഞുകൊണ്ടിരുന്നു. നുണയെ നേരാക്കുന്ന കഥാവിദ്യ നാം പണ്ടേ കണ്ടതായിരുന്നു. നേരിനെ മനോഹര നുണയാക്കുന്ന മറ്റൊരു മാസ്മര വിദ്യ കൂടിയുണ്ടെന്ന് നമുക്ക് ബോധ്യമായപ്പോള്‍ നാം വിസ്മയിച്ചു. മാത്രമല്ല കഥകള്‍ കേട്ടു കേട്ട് കഥ പറയുന്ന ആള്‍ നമ്മുടെ മനസ്സില്‍ വലിയൊരു കഥയായി മാറി. എവിടെ നിന്നാണ് ഈ മനുഷ്യന് കഥകള്‍ കിട്ടിയിരുന്നത്? ജീവിതത്തിന്റെ പെരുവഴിയിലൂടെ സ്നേഹിച്ചും കലഹിച്ചും വഞ്ചിച്ചും. പലതും ചവിട്ടി മെതിച്ചും നാം കടന്നു പോകുമ്പോള്‍ ഓരത്തെ ഒരൊറ്റ മുറി കെട്ടിടത്തിന്റെ കിളിവാതില്‍ തുറന്നു കിടക്കുന്നുണ്ടായിരുന്നു. അതിലൂടെ നോക്കിനിന്ന ഒരാള്‍ എല്ലാം കാണുന്നുണ്ടായിരുന്നു, കേള്‍ക്കുന്നുണ്ടായിരുന്നു. മനസ്സിന്റെ ജാലകപടിയില്‍ നമ്മുടെ ചലനങ്ങളും സ്വരങ്ങളും നിറങ്ങളും ഗന്ധങ്ങളും പിടിച്ചെടുത്ത് അയാള്‍ നിരത്തി വെച്ചു, നോക്കി രസിച്ചു. നിഴള്‍പാടില്‍ നിന്ന ആമനുഷ്യന്‍ ഇടയ്ക്കിടെ ചിരിക്കുന്നുണ്ടായിരുന്നു...പതുക്കെ. ആ ശബ്ദം എവിടെനിന്നറിയാതെ നാം ചിലപ്പോള്‍ അമ്പരന്നു. നമ്മുടെ ചിരിയുടെ കോലാഹലം അതിനോട് ചേര്‍ത്ത് വെച്ച് അത് നമ്മുടെ സ്വരം തന്നെയെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു. അകലത്തെത്തിയപ്പോഴും ആ ചിരി നമ്മെ പിന്തുടര്‍ന്നു. ചിരി നമ്മെ വേട്ടയാടുകയാണോ? മലയാളം എന്ന നമ്മുടെ ചെറിയ ഭാഷയില്‍ കാലത്തിലേക്ക് തുറന്നിട്ട മനസ്സാക്ഷിയുടെ ജാലകപഴുതായിരുന്നു ഈ കഥാകാരന്‍. കഥ നീണ്ടു പോകുമ്പോള്‍ എവിടെയെങ്കിലും അവസാനിക്കണമല്ലോ? കാലം 'ബഷീര്‍' എന്ന കഥയ്ക്ക് ഒരടിവരയിട്ടുകഴിഞ്ഞു. പക്ഷേ പറഞ്ഞു തന്ന കഥകള്‍ മനസ്സില്‍ നാം സൂക്ഷിക്കുന്ന കഥകള്‍ അവസാനിക്കുന്നില്ല എന്നതാണ് ആശ്വാസം.”
( എം ടി യുടെ വാക്കുകള്‍)

     ബഷീര്‍ അനുസ്മരണ പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരിത ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സതി ടീച്ചര്‍, ശ്രീജ ടീച്ചര്‍ എന്നിവര്‍ വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് സംസാരിച്ചു. അമ്പിളി ടീച്ചര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബഷീറിനെക്കുറിച്ചുള്ള ചുമര്‍പത്രിക സതിടീച്ചര്‍ പ്രകാശനം ചെയ്തു. ഏഴാം ക്ലാസിലെ മാളവിക ജ്യോതി 'പാത്തുമ്മയുടെ ആട് ' എന്ന കഥയിലെ ഒരു ഭാഗം വായിച്ചു. ഇതോടൊപ്പം വായനാവാരത്തിന്റെ സമാപനവും നടത്തി. വായനാവാരത്തോടനുബന്ധിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജയികളായവര്‍ക്ക് സരിത ടീച്ചര്‍ സമ്മാനം വിതരണം ചെയ്തു. കഥാരചനയില്‍ അഞ്ജിത എം രഞ്ജനും കവിതാ മത്സരത്തില്‍ ആറാം ക്ലാസിലെ അഭിനവ് സാരഥിയും വിജയികളായി. ചുമര്‍ പത്രക മത്സരത്തില്‍ ഒന്നാം സ്ഥാനം 7 B യ്ക്കായിരുന്നു. ഓരോ കുട്ടിയും വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥയെങ്കിലും വായിച്ചിരിക്കും എന്ന ഉറപ്പോടെ പരിപാടികള്‍ സമാപിച്ചു.



No comments:

Post a Comment