Thursday, 19 February 2015

പത്രക്വിസ്


     സ്കൂള്‍ തലത്തില്‍ പത്രക്വിസ് സംഘടിപ്പിച്ചു വരുന്നു. എല്ലാ വെള്ളിയാഴ്ചയും 1.30 ന് നടത്തുന്ന പത്രക്വിസ്സില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ പത്രത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. LP, UP തലങ്ങളിലായാണ് മത്സരം. LP, UP തലങ്ങളില്‍ വിജയികളായവര്‍ക്കും ഏറ്റവും കൂടുതല്‍ പോയന്റ് ലഭിച്ച ക്ലാസിനും ട്രോഫി നല്‍കുന്നു.

സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേള


     സ്കൂള്‍ തല ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്രമേള 08-10-2014 ബുധനാഴ്ച സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. C R C കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ സന്നിഹിതനായിരുന്നു. മികവാര്‍ന്ന പഠനോപകരണങ്ങള്‍ കുട്ടികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. 
 




PEACE പദ്ധതിയുടെ ഉദ്ഘാടനം



     സ്കൂള്‍ പ്രവര്‍ത്തനങ്ങളെ ഗവേഷണാത്മകമായി കണ്ട് ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ DIET നടത്തുന്ന ഒരു പദ്ധതിയാണ് PEACE. ഇതില്‍ 6 മേഖലകളാണ് ഉള്ളത്. 1. സാമൂഹ്യപങ്കാളിത്തം, 2. ഭാഷാപഠനം, 3. IT അധിഷ്ഠിത പഠനം, 4. കലാകായിക പ്രവൃത്തി പരിചയം, 5. ഇംഗ്ലീഷ് പഠനം, 6. ശാസ്ത്ര പഠനം. ഈ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് വിദ്യാലയത്തെയും വിദ്യാര്‍ത്ഥികളെയും മികവിന്റെ പാതയിലേക്ക് ഉയര്‍ത്തുക എന്നതാണ് PEACE പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്.
 
     സ്കൂള്‍ തല PEACE പദ്ധതിയുടെ ഉദ്ഘാടനം DIET ഫാക്കല്‍റ്റി ഡോ. ലോഹിദാസന്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശ്രീ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സരിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. മാനേജ്മെന്റ് പ്രതിനിധിയും OSA അംഗവുമായ സുഷമ ടീച്ചര്‍ BPO സല്‍മ ടീച്ചര്‍, BRC ട്രയിനര്‍മാരായ ബിജി ടീച്ചര്‍, അജിത ടീച്ചര്‍, CRC കോര്‍ഡിനേറ്റര്‍ ദില്‍ഷാദ് മാസ്റ്റര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് പ്രതിനിധി കബീര്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു







കലാരൂപങ്ങള്‍

ഒപ്പന



വടക്കേ മലബാറിലെ മുസ്ളീങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമുള്ള ഒരു നാടന്‍ കലാരൂപമാണ്‌ ഒപ്പന. പല വിശേഷാവസരങ്ങളിലും ഒപ്പന നടക്കാറുണ്ട്‌.എങ്കിലും അത്‌ കൂടുതലായി കണ്ടു വരുന്നത്‌ വിവാഹാഘോഷങ്ങളിലാണ്‌.'അഫ്ന'എന്ന അറബി പദത്തില്‍ നിന്നാണ്‌ ഒപ്പന എന്ന വാക്കുണ്ടായതെന്ന് ചില പണ്ഡിതന്‍മാറി വാദിക്കുന്നു.രണ്ടു കൈകള്‍ നീട്ടിപ്പിടിച്ച്‌ കൈപ്പടങ്ങള്‍ ചേര്‍തുവെയ്ക്കുന്നതിനേയാണ്‌ അഫ്ന എന്നു പറയുന്നത്‌.മാപ്പിളപ്പാട്ട്‌ സാഹിത്യത്തിലെ ഒരു ഇശലിന്റെ അഥവാ രീതിയുടെ പേരാണ്‌ ഒപ്പനെയെന്നും പറയപ്പെടുന്നു. 
വിവാഹത്തിന്‌ മണവാട്ടിയെ തോഴിമാറി അണിയിച്ചൊരുക്കി പന്തലിലെ പീഠത്തില്‍ ഇരുത്തുന്നതോടെയാണ്‌ ഒപ്പന തുടങ്ങുക.മണവാട്ടിക്കു ചുറ്റും നിന്നുകൊണ്ടും ഇരുന്നുകൊണ്ടും തോഴിമാര്‍ പാടികളിക്കുന്നതാണ്‌ ഒപ്പനയുടെ സമ്പ്രദായം ഒരാള്‍ മുന്‍പാട്ടു പാടുമ്പോള്‍ മറ്റുള്ളവര്‍ അത്‌ ഏറ്റുപാടും.ഒപ്പന ചായല്‍,ഒപ്പന മുറുക്കം എന്നിങ്ങനെ രണ്ടു രീതികളുണ്ട്‌.ചായല്‍ പാടുമ്പോള്‍ കൈകൊട്ടി താളം പിടിക്കുകയില്ല.മുറുക്കം പാടുമ്പോല്‍ മാത്രമേ താളം പിടിക്കുകയുള്ളു.ചായലില്‍ തുടങ്ങി ചായലില്‍ തന്നെ ഒപ്പന അവസാനിക്കും.പുരുഷന്‍മാര്‍ക്കും പ്രത്യേകം ഒപ്പനക്കളിയുണ്ട്‌.മണവാളന്‍ മണവാട്ടിയുടെ വീട്ടിലേക്കു പോകുമ്പോഴോ മണിയറയില്‍ വച്ചോ കൂട്ടുകാര്‍ അയാള്‍ക്കു ചുറ്റും പാടിക്കളിക്കുനതാണ്‌ പുരുഷന്‍മാരുടെ ഒപ്പന.



ഓട്ടന്‍ തുള്ളല്‍

     മുന്നുറോളം കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചന്‍ നമ്പ്യാര്‍ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടന്‍ തുള്ളല്‍‍. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടന്‍തുള്ളള്‍ അറിയപ്പെടുന്നു. നര്‍മ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകര്‍ഷകമായി രചിച്ച പാട്ടുകള്‍ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ച തുള്ളല്‍ കലയില്‍ ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നുവിധത്തിലുള്ള തുള്ളല്‍രൂപങ്ങളുണ്ടെങ്കിലും ഓട്ടന്‍തുള്ളലിനാണ് പ്രാധാന്യം. അതുകൊണ്ടുതന്നെ, തുള്ളലിന് ഓട്ടന്‍തുള്ളല്‍ എന്ന വിശേഷണം ഉപയോഗിച്ചുപോരുന്നു. ക്ഷേത്രകല എന്നനിലയില്‍ കേരളത്തില്‍ പൊതുവെ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുവരുന്നുണ്ട്. തലയില്‍ കൊണ്ട കെട്ടിയുണ്ടാക്കിയ വട്ടമുടിക്കെട്ടിനുപുറമെ വിടര്‍ത്തിയ നാഗഫണത്തിന്‍െറ ആകൃതിയിലുള്ള കിരീടം ധരിച്ച്, മുഖത്ത് പച്ച മനയോല പൂശി, കണ്ണും പുരികവും വാല്‍നീട്ടിയെഴുതി, നെറ്റിയില്‍ പൊട്ടുംതൊട്ട്, ഉരസ്സില്‍ കൊരലാരം, കഴുത്താരം, മാര്‍മാല എന്നിവയും ധരിച്ച്, കൈകളില്‍ കടക കങ്കണാദികളും കാലില്‍ കച്ചമണിയും അണിഞ്ഞ്, അരയില്‍ ഒരു പ്രത്യേകതരം ഉടുത്തുകെട്ടുമായാണ് ഓട്ടന്‍തുള്ളല്‍ക്കാരന്‍ രംഗത്തുവരുന്നത്.
നമ്പ്യാര്‍ സമുദായത്തിന്റെ പാരമ്പര്യകല എന്ന നിലയിലാണ് ഓട്ടന്‍തുള്ളല്‍ വളര്‍ന്നുവന്നത്. ഇപ്പോള്‍ എല്ലാ സമുദായക്കാരും ഇത് അവതരിപ്പിക്കുന്നുണ്ട്. പൊതുവെ പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കാറ്. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് തുറന്ന രംഗവേദിയാണ് ഉപയോഗിക്കുക. വേദിയില്‍ മുന്‍ഭാഗത്തായി നിലവിളക്ക് കൊളുത്തിവെക്കും. തിരശ്ശീല ഉപയോഗിക്കാറില്ല. വാദ്യക്കാരും ഏറ്റുപാടുന്നവരും വേദിയുടെ ഒരു പാര്‍ശ്വഭാഗത്താണ് ഇരിക്കുക. ഓട്ടന്‍തുള്ളല്‍ അവതരണത്തിന് മൂന്നുപേര്‍ മതി. തുള്ളല്‍ക്കാരനും രണ്ടു വാദ്യക്കാരും. തുള്ളല്‍ക്കാരന്‍ പാടുന്ന വരികള്‍ വാദ്യക്കാര്‍ ഏറ്റുപാടുന്നു. രംഗാധിഷ്ഠിത സംഗീതമാണ് തുള്ളല്‍പാട്ടുകള്‍ക്കുള്ളത്. ഭാഷാവൃത്തങ്ങളിലാണ് തുള്ളല്‍ കവിതകള്‍ രചിച്ചിട്ടുള്ളത്. ഓട്ടന്‍തുള്ളലില്‍ തരംഗിണിവൃത്തമാണ് പ്രധാനം. തൊപ്പിമദ്ദളവും കൈമണിയുമാണ് തുള്ളലിന് ഉപയോഗിക്കുന്ന വാദ്യങ്ങള്‍. പുരാണകഥകളെ സാധാരണ ജനങ്ങളിലെത്തിക്കാനും സാമൂഹിക വിമര്‍ശം നടത്താനും ഓട്ടന്‍തുള്ളല്‍ ലക്ഷ്യമിടുന്നു. സ്വമന്തകം, ഘോഷയാത്ര, നളചരിതം, രുഗ്മിണി സ്വയംവരം, ബകവധം, നിവാതകവചവധം, കിരാതം, രാമാനുചരിതം, കാര്‍ത്തവീര്യാര്‍ജുന വിജയം, ബാലി വിജയം, ശീലാവതി ചരിതം എന്നിയവാണ് കുഞ്ചന്‍ നമ്പ്യാര്‍ ഓട്ടന്‍തുള്ളലിനു വേണ്ടി രചിച്ച പ്രധാന കൃതികള്‍.


കുഞ്ചന്‍ നമ്പ്യാര്‍. കിള്ളിക്കുറിശ്ശി മംഗലത്തുളള കലക്കത്തു വീട്ടില്‍ ജനിച്ച കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-നും 1770-നും ഇടയ്ക്കാണെന്ന് കണക്കാക്കപ്പെടുന്നു. അമ്പലപ്പുഴ രാജാവിന്റേയും തിരുവിതാംകൂര്‍ മഹാരാജാവിന്റേയും ആശ്രിതനായിരുന്ന കാലത്താണ് കുഞ്ചന്‍നമ്പ്യാര്‍ തന്റെ പ്രശസ്ത കൃതികളെല്ലാം എഴുതിയതെന്ന് സാഹിത്യ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവു കൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ചാക്യാരുമായി പിണങ്ങിയശേഷം സംവിധാനം ചെയ്ത കലാരൂപമാണ് തുള്ളലെന്നും അതിന്റെ ആവിഷ്ക്കരണത്തിനുവേണ്ടി രചിച്ച കൃതികളാണ് തുളളല്‍ സാഹിത്യമായി അറിയപ്പെടുന്നതെന്നും വിശ്വസിച്ചുപോരുന്നു.ചാക്യാര്‍ കൂത്തിനു പകരമായി ആണ് ഓട്ടന്‍തുള്ളല്‍ കുഞ്ചന്‍ നമ്പ്യാര്‍ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുന്‍വിധികള്‍ക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻ‌തുള്ളൽ. നിറപ്പകിട്ടാര്‍ന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളല്‍ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.




കഥകളി

 


      പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കൊട്ടാരക്കരത്തമ്പുരാൻ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്‌. 1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്. കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.കേരളത്തിന്റെ തനതായ ശാസ്ത്രീയ ദൃശ്യകലാരൂപമാണ് കഥകളി. ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻകലാരൂപങ്ങളുടെ അംശങൾ കഥകളിയിൽ ദൃശ്യമാണ്. 

     ആംഗികം, വാചികം, സാത്വികം, ആഹാര്യം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങള്‍ കഥകളിയുടെ സവിശേഷതയാണ്. കേളി, അരങ്ങുകേളി, തോടയം, വന്ദനം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി എന്നിങ്ങനെ കഥകളിയുടെ അവതരണത്തിന് നിയതമായ ക്രമമുണ്ട്. അംഗങ്ങള്‍, ഉപാംഗങ്ങള്‍, പ്രത്യാംഗങ്ങള്‍ എന്നിവയുടെ ചലനാഭിനയങ്ങളാണ് ആംഗികം. കഥകളിയിലെ പാട്ടാണ് വാചികം. രസാഭിനയമാണ് സാത്വികാഭിനയം. സത്വരജുസ്തമോ ഗുണങ്ങളുടെ പ്രതിനിധികളാണ് കഥകളിയിലെ കഥാപാത്രങ്ങള്‍. ഈ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ആഹാര്യം തയാറാക്കുന്നത്. പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെയാണ് കഥകളിവേഷങ്ങളുടെ വിഭജനം. ഇത് പ്രധാനമായും മുഖത്തേപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്.കഥകളിയിലെ നൃത്തങ്ങള്‍ക്ക് കലാശം എന്നാണ് പറയുക. വട്ടംവെച്ചു കലാശം, ഇരട്ടിക്കലാശം, ഇടക്കലാശം, അടക്കം, തോങ്കാരം, എടുത്തുകലാശം, അഷ്ടകലാശം, വലിയ കലാശം, മുറിക്കലാശം, ധനാശി കലാശം എന്നിങ്ങനെ കലാശങ്ങള്‍ പത്തുവിധം. ചെണ്ട, മദ്ദളം, ഇടയ്ക്ക, ചേങ്ങില, ഇലത്താളം എന്നിവയാണ് കഥകളിയിലെ വാദ്യങ്ങള്‍. അരങ്ങില്‍ മുന്‍ഭാഗത്ത് മധ്യത്തിലായി വലിയ നിലവിളക്ക് (കളിവിളക്ക്) കൊളുത്തിവെക്കും. അരങ്ങില്‍ തിരശ്ശീല ഉപയോഗിക്കും. ആദ്യകാലഘട്ടത്തില്‍ ജാതിശ്രേണിയിലെ മുന്നാക്ക വിഭാഗത്തില്‍പെട്ട ബ്രാഹ്മണര്‍, ക്ഷത്രിയര്‍, അമ്പലവാസികള്‍, നായന്മാര്‍ എന്നീ സമുദായക്കാരാണ് കഥകളി അഭ്യസിച്ചിരുന്നത്.  

 

ആട്ടക്കഥ

കഥകളിയുടെ സാഹിത്യരൂപമാണു് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ് . പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്.ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണു് ഉപയോഗിക്കുന്നതു്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണു് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തുതമ്പുരാന്റെ ബകവധം, കല്യാണസൗഗന്ധികം, കിർമ്മീരവധം, നിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരം, പൂതനാമോക്ഷം, പൗണ്ഡ്രകവധം, അംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.